Wednesday 30 September 2015

ശ്രീനിവാസനോട് ചില കാര്യങ്ങൾ

ബഹുമാനപെട്ട ശ്രീനിവാസൻ,

ഒരു നല്ല നടൻ എന്ന നിലയിലും ഒരു എഴുത്തുകാരൻ എന്ന നിലയിലും അങ്ങയോട് വളരെ അധികം ബഹുമാനം ഉണ്ട്. തേന്മാവിൻ കൊമ്പിലെ അപ്പക്കാളയും തളത്തിൽ ദിനേശനും ബാർബർ ബാലനും ഒക്കെ അങ്ങ് അതുല്യമാക്കിയ ചില കഥാപാത്രങ്ങൾ ആണ്. ഇപ്പോൾ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ചെയ്യുന്ന പ്രവർത്തനങ്ങളും അഭിനന്ദനാർഹം ആണ് . ഏതാനും ദിവസങ്ങൾ  ആയി കാൻസർ ചികിത്സയെ കുറിച്ചും ഗംഗാധരൻ ഡോക്ടറിനെ കുറിച്ചും ചില പ്രസ്താവനകൾ കണ്ടു.ഇതിനെ കുറിച്ച അങ്ങയോട് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.

കേരളത്തിലെ നിരവധി oncologist കളിൽ ഒരാൾ മാത്രം ആണ് Dr .V P ഗംഗാധരൻ. എല്ലാവരും പഠിച്ച അതേ വൈദ്യ ശാസ്ത്രം തന്നെയാണ് അദ്ദേഹവും പഠിച്ചത്.എല്ലാവരും നല്കുന്ന ചികിത്സ തന്നെയാണ് അദ്ദേഹവും രോഗികൾക്ക് നല്ക്കുന്നത് . പിന്നെ എന്തുകൊണ്ട് അദ്ദേഹത്തിന് ഇത്രയും ജനപിന്തുണ ലഭിക്കുന്നു?കാരണം അദ്ദേഹത്തിന്റെ ജോലിയോടുള്ള സമീപനവും  രോഗികളോടുള്ള പെരുമാറ്റവും  ആണ്...
മറ്റു രോഗങ്ങളുടെ ചികിത്സയുമായി താരതമ്യ പെടുത്തുമ്പോൾ കാൻസർ ചികിത്സ അല്പം കഠിനം ആണ്. ശാരീരികമായും മാനസികമായും സാമൂഹികമായും ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ഡോക്ടറിന്റെ സാമിപ്യവും വാക്കുകളും തലോടലുകളും എന്തിനു ഒരു പുഞ്ചിരി പോലും രോഗികള്ക്ക് വലിയ ആശ്വാസം നല്കുന്നു. രോഗികളുടെ ഓരോ സംശയങ്ങൾക്കും ഡോക്ടർ മറുപടി നല്കുന്നു. മരുന്നുകൾ കഴിച്ചിട്ടും മാറാത്ത ചില ബുദ്ധിമുട്ടുകൾ സാറിന്റെ "അതൊന്നും സാരമില്ല" എന്ന വാചകം കൊണ്ടും ഒരു തലോടൽ കൊണ്ടും മാറി എന്ന അനുഭവം ഒരുപാടു രോഗികൾക്ക് പറയാൻ ഉണ്ട്. ഇതൊന്നും ഡോക്ടറിന്റെ അത്ഭുത സിദ്ധികൾ കൊണ്ടോ ഡോക്ടർ ദൈവമയതു കൊണ്ടോ ഒന്നും അല്ല . സാറിന്റെ മനസിന്റെ നന്മ ഒന്നുകൊണ്ടു മാത്രം സംഭവിക്കുന്നതാണ് .

കാൻസർ ചികിത്സയുടെ വിജയം കാൻസർ type നേയും ഏത് സ്റ്റേജിൽ കണ്ടെത്തി എന്നതിനെയും ആശ്രയിക്കുന്നു.എന്നിരുന്നാൽ തന്നെയും ഏതൊരു രോഗിയുടെയും രോഗം പൂർണമായി മാറ്റാനോ രോഗം നിയന്ത്രിച്ചു നിർത്താനോ അല്ലെങ്കിൽ രോഗം മൂലമുള്ള വേദന കുറയ്ക്കാനോ ഒക്കെ ആധുനിക വൈദ്യശാസ്ത്രത്തിന്  കഴിയും. രോഗത്താൽ വലയുന്ന ഒരാളെ സംബന്ധിച്ച അയാളുടെ വേദന അല്പംകുരയുന്നത് പോലും ഒരു വലിയ കാര്യം ആണ്.

കാൻസർ ചികിത്സയെ ഒരു പുഴ കടക്കുന്നതിനോട് ഉപമിക്കാം.അതിന്റെ ഒരു കരയിൽ കാത്തിരിക്കുന്നത് മരണവും മറുകരയിൽ ജീവിതവും ആണ്. ആ പുഴയിലെ ചെറിയ ഒരു പാലത്തിലൂടെ ജീവിതത്തിലേക്കുള്ള യാത്രയാണ്‌ ചികിത്സ .ആ പാലത്തിന്റെ ഒരു വശത്ത് രോഗം മൂലം ഉള്ള പ്രയാസങ്ങളും മറുവശത്ത് ചികിത്സയുടെ പാർശ്വ വശങ്ങളും ആണ്. 
 (ഈ ഉപമ കാൻസർ ചികിത്സ നടത്തിയ ഒരു രോഗിക്കും അവരുടെ ബന്ധുകല്ക്കും മാത്രമേ മനസിലാകുകയുള്ളു.)
അത്തരത്തിൽ നിരവധി വെല്ലുവിളികൾ നിറഞ്ഞ ആ യാത്രയിൽ താങ്ങും തണലുമായി  ജീവിതത്തിലേക്ക് നയിച്ച ഞങ്ങളുടെ  ഡോക്ടറിനെ ഞങ്ങൾ  ദൈവതുല്യമയി കാണുന്നതിൽ എന്താണ് തെറ്റ് ?

കാൻസർ ചികിത്സ കഴിഞ്ഞ ഒരാൾ 5 വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്ന പ്രസ്താവന കണ്ടു.
ഒരു കുഴപ്പവും ഇല്ല എന്ന് വിശ്വസിക്കുന്ന താങ്കൾ വരുന്ന 5 വർഷം കഴിഞ്ഞേ മരിക്കു എന്ന പറയാൻ താങ്കൾക്ക് കഴിയുമോ? മരിക്കാൻ കാൻസർ തന്നെ വരണം എന്നില്ല.ആരുടെ ജീവിനാണ് ഇവിടെ ഗ്യാരണ്ടി ഉള്ളത്?

കായംകുളത്തുള്ള ഒരു രോഗിയുടെ അനുഭവത്തിൽ നിന്നാണ് താങ്കൾ കാൻസറിനു ചികിത്സ ഇല്ല എന്ന് മനസിലാക്കിയതെങ്കിൽ ചികിത്സ കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞ് സുഖമായി സാധാരണ ജീവിതം നയിക്കുന്നവരെ കണ്ടാൽ എന്ത് പറയും? അത്തരം ആളുകളെ കാണണമെങ്കിൽ ഫെബ്രുവരി മാസത്തിലെ രണ്ടാം ഞായറാഴ്ച നടക്കുന്ന communion ൽ  വന്നാൽ മതി. ക്യാൻസറിനെ ജയിച്ച ജോണി അങ്കിൾ , തോമസ്‌  കാപ്പൻ  സർ , എബി  അങ്കിൾ , സണ്ണി  അങ്കിൾ , ശാന്ത നമ്പിയാർ , പ്രിയ ചേച്ചി , സിദ്ധാർഥ് ഏട്ടൻ , പ്രശാന്ത്  ഏട്ടൻ , റഷീദ്  ഇക്ക, ഷാഹിന ഇത്ത  അങ്ങനെ അങ്ങനെ അങ്ങനെ ഒരുപാടു പേരെ പരിചയപ്പെടാം.ഏപ്രിൽ മാസത്തിലെ മൂന്നാം ഞായറാഴ്ച നടത്തുന്ന കളിക്കൂട്ടത്തിൽ കാൻസർ നെ അതിജീവിച്ച നിരവധി കുട്ടികളെയും കാണാം.ഞങ്ങൾ എത്ര മാത്രം സന്തോഷത്തോടെയും ആത്മവിശ്വസതോടെയും ആണ് ജീവിക്കുന്നത്‌ എന്ന് മനസിലാക്കാം .
(ഇവർ എല്ലാവരും ഗംഗാധരൻ ഡോക്ടറിന്റെ കീഴിൽ ചികിത്സ നേടിയവർ ആണ്.അതുപോലെ RCC യിലും കേരളത്തിലെ മറ്റ് ആശുപത്രികളിലും ചികിത്സിച് രോഗമുക്തി നേടിയവർ ഇതിലും എത്രയോ മടങ്ങ്‌ ഉണ്ട് )

താങ്കൾ ഒരു അഭിമുഖത്തിൽ പറഞ്ഞു സമൂഹത്തിൽ ഇത്തരം കാര്യങ്ങളിൽ മാറ്റം കൊണ്ടുവരാൻ scientific ആയിട്ടുള്ള അറിവ് വേണം.ബുദ്ധി വേണം.വായിച്ച് അറിവ് വേണം എന്നൊക്കെ.എന്നിട്ടാണോ താങ്കൾ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം മണ്ടത്തരങ്ങൾ സമൂഹത്തിനോട് വിളിച്ചു പറയുന്നത്?

അങ്ങയെപോലെ ഒരു public figure  ഇത്തരം പ്രസ്താവനകളിലൂടെ തെറ്റായ  ധാരണകൾ ഉണ്ടാക്കി കൊടുക്കുന്നത് സമൂഹത്തോട്‌ ചെയ്യുന്ന ദ്രോഹം ആണ് .അതുകൊണ്ട് ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ അടിസ്ഥാന വിവരങ്ങൾ എങ്കിലും മനസിലാക്കിയിട്ടാകണം എന്ന് അപേക്ഷിക്കുന്നു .