Wednesday 30 September 2015

ശ്രീനിവാസനോട് ചില കാര്യങ്ങൾ

ബഹുമാനപെട്ട ശ്രീനിവാസൻ,

ഒരു നല്ല നടൻ എന്ന നിലയിലും ഒരു എഴുത്തുകാരൻ എന്ന നിലയിലും അങ്ങയോട് വളരെ അധികം ബഹുമാനം ഉണ്ട്. തേന്മാവിൻ കൊമ്പിലെ അപ്പക്കാളയും തളത്തിൽ ദിനേശനും ബാർബർ ബാലനും ഒക്കെ അങ്ങ് അതുല്യമാക്കിയ ചില കഥാപാത്രങ്ങൾ ആണ്. ഇപ്പോൾ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ചെയ്യുന്ന പ്രവർത്തനങ്ങളും അഭിനന്ദനാർഹം ആണ് . ഏതാനും ദിവസങ്ങൾ  ആയി കാൻസർ ചികിത്സയെ കുറിച്ചും ഗംഗാധരൻ ഡോക്ടറിനെ കുറിച്ചും ചില പ്രസ്താവനകൾ കണ്ടു.ഇതിനെ കുറിച്ച അങ്ങയോട് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.

കേരളത്തിലെ നിരവധി oncologist കളിൽ ഒരാൾ മാത്രം ആണ് Dr .V P ഗംഗാധരൻ. എല്ലാവരും പഠിച്ച അതേ വൈദ്യ ശാസ്ത്രം തന്നെയാണ് അദ്ദേഹവും പഠിച്ചത്.എല്ലാവരും നല്കുന്ന ചികിത്സ തന്നെയാണ് അദ്ദേഹവും രോഗികൾക്ക് നല്ക്കുന്നത് . പിന്നെ എന്തുകൊണ്ട് അദ്ദേഹത്തിന് ഇത്രയും ജനപിന്തുണ ലഭിക്കുന്നു?കാരണം അദ്ദേഹത്തിന്റെ ജോലിയോടുള്ള സമീപനവും  രോഗികളോടുള്ള പെരുമാറ്റവും  ആണ്...
മറ്റു രോഗങ്ങളുടെ ചികിത്സയുമായി താരതമ്യ പെടുത്തുമ്പോൾ കാൻസർ ചികിത്സ അല്പം കഠിനം ആണ്. ശാരീരികമായും മാനസികമായും സാമൂഹികമായും ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ഡോക്ടറിന്റെ സാമിപ്യവും വാക്കുകളും തലോടലുകളും എന്തിനു ഒരു പുഞ്ചിരി പോലും രോഗികള്ക്ക് വലിയ ആശ്വാസം നല്കുന്നു. രോഗികളുടെ ഓരോ സംശയങ്ങൾക്കും ഡോക്ടർ മറുപടി നല്കുന്നു. മരുന്നുകൾ കഴിച്ചിട്ടും മാറാത്ത ചില ബുദ്ധിമുട്ടുകൾ സാറിന്റെ "അതൊന്നും സാരമില്ല" എന്ന വാചകം കൊണ്ടും ഒരു തലോടൽ കൊണ്ടും മാറി എന്ന അനുഭവം ഒരുപാടു രോഗികൾക്ക് പറയാൻ ഉണ്ട്. ഇതൊന്നും ഡോക്ടറിന്റെ അത്ഭുത സിദ്ധികൾ കൊണ്ടോ ഡോക്ടർ ദൈവമയതു കൊണ്ടോ ഒന്നും അല്ല . സാറിന്റെ മനസിന്റെ നന്മ ഒന്നുകൊണ്ടു മാത്രം സംഭവിക്കുന്നതാണ് .

കാൻസർ ചികിത്സയുടെ വിജയം കാൻസർ type നേയും ഏത് സ്റ്റേജിൽ കണ്ടെത്തി എന്നതിനെയും ആശ്രയിക്കുന്നു.എന്നിരുന്നാൽ തന്നെയും ഏതൊരു രോഗിയുടെയും രോഗം പൂർണമായി മാറ്റാനോ രോഗം നിയന്ത്രിച്ചു നിർത്താനോ അല്ലെങ്കിൽ രോഗം മൂലമുള്ള വേദന കുറയ്ക്കാനോ ഒക്കെ ആധുനിക വൈദ്യശാസ്ത്രത്തിന്  കഴിയും. രോഗത്താൽ വലയുന്ന ഒരാളെ സംബന്ധിച്ച അയാളുടെ വേദന അല്പംകുരയുന്നത് പോലും ഒരു വലിയ കാര്യം ആണ്.

കാൻസർ ചികിത്സയെ ഒരു പുഴ കടക്കുന്നതിനോട് ഉപമിക്കാം.അതിന്റെ ഒരു കരയിൽ കാത്തിരിക്കുന്നത് മരണവും മറുകരയിൽ ജീവിതവും ആണ്. ആ പുഴയിലെ ചെറിയ ഒരു പാലത്തിലൂടെ ജീവിതത്തിലേക്കുള്ള യാത്രയാണ്‌ ചികിത്സ .ആ പാലത്തിന്റെ ഒരു വശത്ത് രോഗം മൂലം ഉള്ള പ്രയാസങ്ങളും മറുവശത്ത് ചികിത്സയുടെ പാർശ്വ വശങ്ങളും ആണ്. 
 (ഈ ഉപമ കാൻസർ ചികിത്സ നടത്തിയ ഒരു രോഗിക്കും അവരുടെ ബന്ധുകല്ക്കും മാത്രമേ മനസിലാകുകയുള്ളു.)
അത്തരത്തിൽ നിരവധി വെല്ലുവിളികൾ നിറഞ്ഞ ആ യാത്രയിൽ താങ്ങും തണലുമായി  ജീവിതത്തിലേക്ക് നയിച്ച ഞങ്ങളുടെ  ഡോക്ടറിനെ ഞങ്ങൾ  ദൈവതുല്യമയി കാണുന്നതിൽ എന്താണ് തെറ്റ് ?

കാൻസർ ചികിത്സ കഴിഞ്ഞ ഒരാൾ 5 വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്ന പ്രസ്താവന കണ്ടു.
ഒരു കുഴപ്പവും ഇല്ല എന്ന് വിശ്വസിക്കുന്ന താങ്കൾ വരുന്ന 5 വർഷം കഴിഞ്ഞേ മരിക്കു എന്ന പറയാൻ താങ്കൾക്ക് കഴിയുമോ? മരിക്കാൻ കാൻസർ തന്നെ വരണം എന്നില്ല.ആരുടെ ജീവിനാണ് ഇവിടെ ഗ്യാരണ്ടി ഉള്ളത്?

കായംകുളത്തുള്ള ഒരു രോഗിയുടെ അനുഭവത്തിൽ നിന്നാണ് താങ്കൾ കാൻസറിനു ചികിത്സ ഇല്ല എന്ന് മനസിലാക്കിയതെങ്കിൽ ചികിത്സ കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞ് സുഖമായി സാധാരണ ജീവിതം നയിക്കുന്നവരെ കണ്ടാൽ എന്ത് പറയും? അത്തരം ആളുകളെ കാണണമെങ്കിൽ ഫെബ്രുവരി മാസത്തിലെ രണ്ടാം ഞായറാഴ്ച നടക്കുന്ന communion ൽ  വന്നാൽ മതി. ക്യാൻസറിനെ ജയിച്ച ജോണി അങ്കിൾ , തോമസ്‌  കാപ്പൻ  സർ , എബി  അങ്കിൾ , സണ്ണി  അങ്കിൾ , ശാന്ത നമ്പിയാർ , പ്രിയ ചേച്ചി , സിദ്ധാർഥ് ഏട്ടൻ , പ്രശാന്ത്  ഏട്ടൻ , റഷീദ്  ഇക്ക, ഷാഹിന ഇത്ത  അങ്ങനെ അങ്ങനെ അങ്ങനെ ഒരുപാടു പേരെ പരിചയപ്പെടാം.ഏപ്രിൽ മാസത്തിലെ മൂന്നാം ഞായറാഴ്ച നടത്തുന്ന കളിക്കൂട്ടത്തിൽ കാൻസർ നെ അതിജീവിച്ച നിരവധി കുട്ടികളെയും കാണാം.ഞങ്ങൾ എത്ര മാത്രം സന്തോഷത്തോടെയും ആത്മവിശ്വസതോടെയും ആണ് ജീവിക്കുന്നത്‌ എന്ന് മനസിലാക്കാം .
(ഇവർ എല്ലാവരും ഗംഗാധരൻ ഡോക്ടറിന്റെ കീഴിൽ ചികിത്സ നേടിയവർ ആണ്.അതുപോലെ RCC യിലും കേരളത്തിലെ മറ്റ് ആശുപത്രികളിലും ചികിത്സിച് രോഗമുക്തി നേടിയവർ ഇതിലും എത്രയോ മടങ്ങ്‌ ഉണ്ട് )

താങ്കൾ ഒരു അഭിമുഖത്തിൽ പറഞ്ഞു സമൂഹത്തിൽ ഇത്തരം കാര്യങ്ങളിൽ മാറ്റം കൊണ്ടുവരാൻ scientific ആയിട്ടുള്ള അറിവ് വേണം.ബുദ്ധി വേണം.വായിച്ച് അറിവ് വേണം എന്നൊക്കെ.എന്നിട്ടാണോ താങ്കൾ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം മണ്ടത്തരങ്ങൾ സമൂഹത്തിനോട് വിളിച്ചു പറയുന്നത്?

അങ്ങയെപോലെ ഒരു public figure  ഇത്തരം പ്രസ്താവനകളിലൂടെ തെറ്റായ  ധാരണകൾ ഉണ്ടാക്കി കൊടുക്കുന്നത് സമൂഹത്തോട്‌ ചെയ്യുന്ന ദ്രോഹം ആണ് .അതുകൊണ്ട് ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ അടിസ്ഥാന വിവരങ്ങൾ എങ്കിലും മനസിലാക്കിയിട്ടാകണം എന്ന് അപേക്ഷിക്കുന്നു .

Monday 26 May 2014

സ്കൂളിലേക്ക്



രാവിലെ ഉണർന്നപ്പോൾ മുതൽ നല്ല  സന്തോഷത്തിൽ  ആയിരുന്നു .
കാരണം  ഇന്ന്  സ്കൂൾ  തുറക്കുകയാണ്.
ഇനി  അഞ്ചാം   ക്ലാസ്സിൽ  ആണ്.
പല്ല് തേച്ചുകൊണ്ടിരുന്നപ്പോൾ ഒരു  പാട്ട്  ഓർമ്മവന്നു
"ഇടവപ്പാതി  കഴിഞ്ഞിട്ടും
മഴ പെയ്യാത്തതെന്തെടോ 
പാറപ്പുറത്ത് പങ്കുണ്ണി
പല്ല് തേക്കാത്ത  കാരണം"
നീ  ഇവിടെ  പാട്ടും പാടി  നിന്നോ .. മണി  8 ആയിഅമ്മ  ഓർമിപ്പിച്ചു.
കുളിച്ചു റെഡി ആയി യുണിഫോം ഇട്ടു.പുതിയ യുണിഫോം  തയ്ച്  കിട്ടിയപ്പോ  മുതൽ  സ്കൂൾ  തുറക്കാൻ  കാത്തിരിക്കുകയായിരുന്നു .ഇത്  ഒന്ന്  ഇടാൻ  വേണ്ടി 
മെറൂണ്‍പാവാടയും  ക്രീം  കളർ ഷർട്ടും
എൻറെ ചുരുണ്ട മുടി  അമ്മ ഒരു  വശത്തേക്ക്  ചീകി  വെച്ചു. ശിങ്കാർ  വെച്ചു  പൊട്ടു  തോട്ടത്  ഞാൻ  തന്നെയാണ്
പോയി  എല്ലാം  എടുത്ത്   വയ്ക്ക്ഞാൻ  ഭക്ഷണം  എടുക്കാം
 അമ്മ പറഞ്ഞു  .
ബാഗ്  ഒക്കെ  എപ്പോഴേ റെഡി  ആണ് .ഞാൻ  എല്ലാം  ഒന്നുകൂടി  നോക്കി.
ബ്രൌണ്‍പേപ്പർ  ഇട്ടു  പൊതിഞ്ഞ  6 ബുക്ക്  ഉണ്ട് .ചേച്ചി ആണ്   എല്ലാം  പൊതിഞ്ഞു  തന്നത് .ബാഗ്  കഴിഞ്ഞ  വർഷത്തേത് ആണ്  . പുതിയ   ബാഗ് അടുത്തവർഷം വാങ്ങിതരാം എന്നാണ്   പറഞ്ഞത്  .
അമ്മ  ഭക്ഷണവും  ആയി  വന്നു ചോറ്  വരിതരാൻ  തുടങ്ങി .ഓരോ  ഉരുളയും  രുചിയോടെ  ഞാൻ  കഴിച്ചു .
ദേ അമ്മു  വന്നു …”
എന്റെ  കൂടുകാരി  ആണ് .  അംഗനവാടി   മുതൽ  ഞങ്ങൾ  ഒരുമിച്ച്  ആണ്.
എനിക്ക്  മതി ”ഞാൻ ഭക്ഷണം മതിയാക്കി
എനിക്ക്  അമ്മ  വാരിതരുന്നത്  അമ്മു  കണ്ടത്തിൽ  ചെറിയ  ഒരു  നാണക്കേട്  തോന്നി .
ബാഗും  ചെരുപ്പും  ഇട്ട്  മുറ്റത്തേക്ക്  ഇറങ്ങിയപ്പോൾ  അമ്മ  ചോദിച്ചു.
കുട  എടുത്തോ ?മഴ  വരുന്നുണ്ട്
എടുത്തു
അങ്ങനെ  ഞങ്ങൾ  യാത്രയായി
അവധികാല വിശേഷങ്ങൾ  മുഴുവൻ ഉണ്ട്  പറയാൻകുറെ  നാളുകൾക്ക്ശേഷം  കാണുകയല്ലേ
അവധിക്ക്  അമ്മാവന്റെ  വീട്ടിൽ പോയതും  ഉത്സവം  കണ്ടതും  അങ്ങനെ  നീളുന്നു  അമ്മുവിൻറെ വിശേഷങ്ങൾ
ഞാനും  വിട്ടില്ലഎറണാകുളത്ത് സുഭാഷ്  പാർകിൽ  പോയതും  കപ്പൽ കണ്ടതും  ഒക്കെ  ഞാനും  പറഞ്ഞു .
അതിനിടയിൽ  ആണ്  വഴിയരുകിൽ  നിന്ന  ഒരു  മഷിത്തണ്ട്  ശ്രദ്ധയിൽ പെട്ടത് . ഞാൻ  അത്  പറിച്ചെടുത്തു .
നമ്മൾ അഞ്ചാം ക്ലാസ്സിൽ ആയില്ലേഇനി സ്ലേറ്റ് ഇല്ലല്ലോപിന്നെന്തിനാ ഇത്?”
സ്ലേറ്റിൽ  നിന്നും  ബുക്കിലേക്ക്  കൂട് മാറിയത ഞാൻ അപ്പോഴാണ് ഓർത്തത്‌.സാരമില്ല. ഇരിക്കട്ടെ.. ആർക്കെങ്കിലും കൊടുക്കാം .
ഞങ്ങൾ പിന്നെയും യാത്ര തുടർന്നു.
മക്കൾ രണ്ടുപേരും കൂടി എങ്ങോട്ടാ???”വഴിയിൽ കണ്ട ഒരു അമ്മൂമ്മ ചോദിച്ചു .
ഞങ്ങൾ പരസ്പരം നോക്കി.
യുണിഫോം ഇട്ടിട്ടുണ്ട്. ബാഗ്ഉണ്ട്.അപ്പോൾ പിന്നെ  ഇങ്ങനെയൊരു  ചോദ്യത്തിന്റെ  ആവശ്യം  ഉണ്ടോ ?
ഇന്ന്  സ്കൂൾ  തുറക്കുവല്ലേഞങ്ങൾ  സ്കൂളിലേക്ക്   ആണ്
മറുപടി പറഞ്ഞത് അമ്മു ആണ്.
ദേ  നല്ല  മഴ  വരുന്നുണ്ട് .. നിങ്ങൾ  പെട്ടെന്ന്  നടന്നോ …”
ഒരു  വെടിന്റെ  ഉമ്മറത്ത് ഇരുന്ന  ചേട്ടൻ  പറഞ്ഞു .
ഞാൻ  മാനത്തേക്ക്  നോക്കി . ശരിയാണ്നിറയെ  കാർമേഘങ്ങൾ  ആണ് 
അയ്യോ .. ദേ മഴ തുടങ്ങി
ഞങ്ങൾ  കുട  നിവർത്തി. ഒരു  കൈ  കൊണ്ട്  പാവാട  അല്പം  പൊക്കി  പിടിച്ചു . മറ്റേ  കയ്യിൽ കുടയും പിടിച്ചു  നടക്കാൻ  തുടങ്ങി .
മഴയുടെ  ശക്തി   കൂടി  കൂടി  വന്നു.
നന്നായി  നനയുന്നുണ്ട്. എന്നാലും    യാത്ര  ഞങ്ങൾ രണ്ടുപേർക്കും ഇഷ്ടപ്പെട്ടു .
എത്ര  കൊതിചിട്ട് ഉണ്ടെന്നോ ഇങ്ങനെ നടക്കാൻ . അതുവരെ ഓട്ടോയിൽ ആയിരുന്നു സ്കൂളിലേക്ക് പോയിരുന്നത്. . അതിൽ  മഴ  പെയ്താൽ ഉടനെ  രണ്ടുവശവും  മൂടി  കെട്ടും . പിന്നെ  പുറത്തെ കാഴ്ചകൾ കാണാൻ പോലും പറ്റില്ല.പിന്നെങ്ങനെ മഴ ആസ്വദിക്കും?
റോഡിൻറെ  അരികിലൂടെ  വെള്ളം  ഒഴുകാൻ  തുടങ്ങി . ഞങ്ങൾ    ചാലിലൂടെ  നടന്നു.നല്ല രസംഒഴുകുന്ന  വെള്ളത്തിൽ അതിന്റെ ഒഴുക്കിനെതിരെ  അങ്ങനെ  ഞങ്ങൾ  നടന്നു .
ഇടക്ക് ഒരു  വെള്ളക്കെട്ട് .റോഡിൻറെ  ഒരു വശത്തുനിന്നും വെള്ളം മറുവശത്തേക്ക് ഒഴുകുകയാണ്…അതിലൂടെ  വണ്ടി  പോകുമ്പോൾ  വെള്ളം  രണ്ടു  വശത്തേക്കും  തെറിക്കുന്നു  കാഴ്ച നല്ല  ഭംഗിയുണ്ട് .
മഴ  തിമിർത്ത് പെയ്യുകയാണ്ഇടയ്ക്ക് ഞങ്ങൾ  പറയുന്നത്  പരസ്പരം  കേൾക്കാൻ പറ്റാതെയായി .ഞങ്ങൾ  അതിലും  ഉച്ചത്തിൽ  സംസാരിച്ചു  മഴയെ തോൽപിച്ചു.ഉച്ചത്തിൽ  സംസാരിച്ചും  പാട്ടുപാടിയും  വെള്ളത്തിൽ  കളിച്ചും  ഞങ്ങൾ  യാത്ര  തുടർന്നു









മഴയുടെ  ശക്തി   കുറഞ്ഞു   കുറഞ്ഞു   വന്നു.ഇപ്പോൾ  ചാറ്റൽ മഴ ആയി.
കുട മാറ്റി... മഴത്തുള്ളികൾ മുഖത്തേക്ക് വീഴുന്നു... മാനത്തേക്ക് നോക്കാൻ ശ്രമിച്ചു. പക്ഷെ കണ്ണ്തുറക്കാൻ പറ്റുന്നില്ല...
അങ്ങനെ നടന്നു  നടന്നു ഞങ്ങൾ സ്കൂളിൽ എത്തി.
കുന്നിൻ മുകളിലെ ഒരു ചെറിയ ഗ്രാമം ആണ് കണ്യാട്ടുനിരപ്പ്വലിയ ഒരു പള്ളി , ഹൈസ്കൂൾ , LP സ്കൂൾ ,ഒരു ചെറിയ ആശുപത്രി, പോസ്റ്റ്ഓഫീസ് പിന്നെ കുറച്ച കടകൾ .ഇത്രയും ആണ് അവിടെയുള്ളത്




രണ്ടു സ്കൂളിന്റെയും മുറ്റത്തുള്ള വാകമരങ്ങൾ പൂത്തുനില്ക്കുന്നു...
അത് കണ്ടപ്പോൾ തന്നെ മനസിന്വലിയ സന്തോഷം തോന്നി...


LP സ്കൂളും ഹൈ സ്കൂളും അടുത്തടുത്ത് തന്നെയാണ്. LP സ്കൂൾ മുകളിലും  ഹൈ സ്കൂൾ താഴെയും.LP സ്കൂളിന്റെ മുന്നില് എത്തിയപ്പോ കുറച്ച വിഷമവും ഒരു അഭിമാനവും തോന്നി.അവിടെ മുറ്റത്ത്കുട്ടികൾ ഓടി കളിക്കുന്നു.
താഴത്തെ സ്കൂളിലേക്ക് പോകുന്ന വഴി ഒരു ചെറിയ കുരിശ്ഉണ്ട്.
ഞങ്ങൾ അവിടെ പ്രാർത്ഥിച്ചു.
"ദൈവമെ... വർഷം മുതൽ ഒരു നല്ല കുട്ടി ആവണേ...എല്ലാം നന്നായിട്ട് പഠിക്കാൻ പറ്റണേ..."
ഞങ്ങൾ താഴേക്ക് ഇറങ്ങി...
വിശ്വസിക്കാൻ പറ്റുന്നില്ല...
ഞങ്ങൾ താഴത്തെ സ്കൂളിൽ ആയി...  
വല്യ കുട്ടി ആയി...
ചേച്ചിമാർ ഒക്കെ പഠിച്ചതുകൊണ്ട് സ്കൂൾ പരിചയമാണ്.ഞങ്ങൾ ക്ലാസ്സിൽ എത്തി. എല്ലാരും വർത്തമാനം പറയുകയാണ്.ബാഗ്ബെഞ്ചിൽ വെച്ചു.. കുട പുറകിൽ ഉണക്കാൻ വെച്ചു...കുറെ കുടകൾ ഉണ്ട്...എല്ലാം കൂടി ഒരു കറുത്ത കൂടാരം...
പാവാട മുഴുവൻ നനഞ്ഞിരിക്കുകയാണ്... 
"വാ നമുക്ക് പാവാട ഉണക്കാം"ഒരു കൂട്ടുകാരി പറഞ്ഞു.
ഞങ്ങൾ   പെണ്കുട്ടികൾ എല്ലാരും കൂടി വരാന്തയിൽ നിരന്നു നിന്നു. എന്നിട്ട് പാവാട വീശിക്കൊണ്ട് പാടി...
"പച്ച തവളെ വെള്ളം പോട്ടെ
നാളെ വരുമ്പോൾ പാലുതരാം…"
പെട്ടെന്ന് ബെല്ലടിച്ചു...
അത് ടീം മീറ്റിംഗ് reminder ആയിരുന്നു.
 run ചെയ്യാനിട്ട program execute ചെയ്യാൻ തുടങ്ങി... bug ഇനിയും fix ആയിട്ടില്ല...
എന്റെ പ്രിയപ്പെട്ട ക്ലാസ്സിൽ നിന്ന്, സ്കൂളിൽ നിന്ന് , വാകമര ചുവട്ടിൽ നിന്ന് ഞാൻ വളർന്നത്എന്തിനുവേണ്ടി ആയിരുന്നു??
അത് ഓർത്തപ്പോ ഈ ശീതീകരിച്ച മുറിയും  കറങ്ങുന്ന കസേരയും എനിക്ക് ഒരു ഭാരമായി തോന്നി...
വളരേണ്ടിയിരുന്നില്ല...